ലോക്താക്ക് തടാകത്തിലെ ഒഴുകുന്ന വീടുകള്‍

പുംണ്ടിസിന് മുകളിലെ വീട്

പുംണ്ടിസിന് മുകളിലെ വീട്

തടാകത്തിലെ കൊച്ചു ദ്വീപില്‍ ഒരു വീട്. വെള്ളം പൊങ്ങുന്നതിനനുസരിച്ച് പൊങ്ങുതടി പോലെ വീടും ഉയരും. എത്ര വലിയ വെള്ളപ്പൊക്കം വന്നാലും വീട്ടില്‍ വെള്ളം കേറില്ല! വര്‍ഷാവര്‍ഷമുണ്ടാകുന്ന മഴക്കാലത്ത് പതുക്കെ ഒഴുകുന്നതിനാല്‍ എല്ലാ കൊല്ലവും ചുറ്റുമുള്ള കാഴ്ചകളും മാറും. ഇത് ജെയിംസ് കാമറൂണിന്റെ അവതാറില്‍ നിന്നുള്ള വിവരണമല്ല മണിപ്പൂരിലെ ലോക്താക്ക് തടാകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് 40 കിലോമീറ്റര്‍ വിസ്തൃതിയുള്ള ലോക്താക്ക്. ഒഴുകുന്ന ദ്വീപുകളുള്ള ലോകത്തിലെ ഏക തടാകവും ലോക്താക്കാണ്. ബാരക്ക്, മണിപ്പൂര്‍ എന്നീ രണ്ട് നദികളാണ് മണിപ്പൂര്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ ബാരക്ക് നദി അവസാനിക്കുന്നത് ലോക്താക് തടാകത്തിലാണ്. ലോക് എന്നാല്‍ നദി എന്നും താക് എന്നാല്‍ അവസാനം എന്നുമാണ് അര്‍ഥം.

താങ്ക, ഇത്തിങ്ക്, സെന്‍ഡ്ര, ഫുബ എന്നിങ്ങനെ നാല് വലിയ ദ്വീപുകളാണ് തടാകത്തിലുള്ളത്. തടാകത്തിലെ ചെറുതും വലുതുമായ ദ്വീപുകളില്‍ ഒരു ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. പുംണ്ടിസുകള്‍ എന്ന പേരിലുള്ള ഒഴുകുന്ന ദ്വീപുകളില്‍ ഒരു കൊച്ചുവീടിനുള്ള സ്ഥലമേ ഉണ്ടാകൂ. മഴക്കാലമായാല്‍ ചങ്ങാടംപോലെ കൊച്ചു പുംണ്ടിസുകള്‍ തടാകപ്പരപ്പില്‍ വളരെ പതുക്കെ ഒഴുകി നടക്കും. ഒപ്പം പുണ്ടിസുകളിലെ വീടുകളും. വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതിനാല്‍ വെള്ളപ്പൊക്കം പുംണ്ടിസുകളെ ബാധിക്കാറില്ല. വെള്ളം കൂടുന്നതനുസരിച്ച് പുംണ്ടിസുകളും ഉയര്‍ന്നുവരും!

സഞ്ചാരികളുടെ നഷ്ടസ്വര്‍ഗം

മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ലോക്താക്ക്. ഇവിടെ നിന്നും ലോക്താക്കിലേക്കുള്ള റോഡും മികച്ചതാണ്. എന്നിട്ടും വളരെക്കുറച്ച് സഞ്ചാരികളേ ഇവിടെയെത്താറുള്ളൂ. ഇന്ത്യയില്‍ ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇംഫാല്‍. സന്ദര്‍ശകരേക്കാള്‍ കൂടുതല്‍ ഇവിടെയുള്ള സൈനികര്‍. സന്ദര്‍ശകരെ അകറ്റിനിര്‍ത്തുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. ഏറ്റുമുട്ടലുകളില്‍ ഒരു വശത്ത് ഭീകരസംഘടനകളും മറുവശത്ത് സൈനികരുമാണ്. അവര്‍ക്കിടയില്‍ മനുഷ്യമതിലാകേണ്ടി വരുന്ന നാട്ടുകാരും. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ നഷ്ടസ്വര്‍ഗ്ഗമെന്ന വിശേഷണം ലോക്താക്കിന് നന്നായി ചേരും.

SKY-view

ലോക്താക്ക് ഒരു ആകാശക്കാഴ്ച

രാജ്യത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിവുള്ള പ്രകൃതിഭംഗി ലോക്താക്കിനുണ്ട്. മണിപ്പൂരുകാരുടെ സ്വകാര്യ അഹങ്കാരമായ ഈ തടാകത്തിലേക്ക് കൂടുതല്‍ പേരെ ക്ഷണിക്കാന്‍ അവര്‍ക്കുപോലും താത്പര്യമുണ്ടാകില്ല. കാരണം, നാട്ടുകാരല്ല സൈന്യവും ഭീകരവാദികളുമാണ് ഇവിടം ഭരിക്കുന്നത്.

കാബൊകസെബെയെന്ന നാടന്‍ കഥ

ലോക്താക്കിനോട് ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തിലെ നിരന്തര അദൃശ്യസാന്നിധ്യമാണ് കാബൊകസെബെ. ഈ നാടോടിക്കഥയെക്കുറിച്ച് പറയാതെ ലോക്താക്കിന്റെ വിശേഷങ്ങള്‍ പൂര്‍ണ്ണമാകില്ല. കാബൊകസെബെ ഒരു അത്ഭുത ജീവിയായിരുന്നു. മനുഷ്യന്റേയും മൃഗത്തിന്റേയും രൂപത്തിലാവാന്‍ കാബൊകസെബെക്ക് നിമിഷനേരം പോലും വേണ്ട. മനുഷ്യന്റെ ഇറച്ചിയാണ് പ്രധാന ഭക്ഷണം. ഒരിക്കല്‍ ഇരതേടി കാബൊകസെബെ ഒരു അമ്മൂമ്മയുടെ വീട്ടിലെത്തി. തന്നെ തിന്നാനാണ് കാബൊകസെബെ എത്തിയതെന്ന് മനസിലാക്കിയ അമ്മൂമ്മ ഒരു സൂത്രം പ്രയോഗിച്ചു.

‘എനിക്ക് പ്രായമായില്ലേ എന്റെ ഇറച്ചിക്ക് സ്വാദുണ്ടാകില്ല. അടുത്തവീട്ടില്‍ ഒരു സുന്ദരിക്കുട്ടിയുണ്ട്’ അമ്മൂമ്മ പറഞ്ഞു. അങ്ങനെ കാബൊകസെബെ അടുത്തവീടിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന പെണ്‍കുട്ടിയുടെ സൗന്ദര്യത്തില്‍ കാബൊകസെബെ മയങ്ങി. എനിക്ക് നിന്നെ കല്ല്യാണം കഴിക്കണം കാബൊകസെബെ ആഗ്രഹം പറഞ്ഞു. പെണ്‍കുട്ടി വീട്ടിനകത്തുനിന്നും ഒരു മുളംകുറ്റിയെടുത്ത് കാബൊകസെബെക്കു കൊടുത്തു. എനിക്ക് വല്ലാതെ ദാഹിക്കുന്നു ഇതില്‍ വെള്ളം നിറച്ചു കൊണ്ടുവരുമോ?

കാബൊകസെബെ ആവേശത്തോടെ തടാകത്തിലേക്ക് പോയി. മുളങ്കുറ്റിക്ക് മുകളിലും താഴെയും വശങ്ങളിലും തുളയുണ്ടുായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന ആഗ്രഹത്തില്‍ കാബൊകസെബെ ഇപ്പോഴും മുളങ്കുറ്റിയില്‍ വെള്ളം നിറക്കുന്നുവെന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. നട്ടുച്ചക്കും പാതിരാത്രിയുമെല്ലാം കാതോര്‍ത്തിരുന്നാല്‍ മുളങ്കുറ്റിയില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാമത്രേ.

DONT MISS
Top