കൂട്ടുകാരിയ്‌ക്കൊപ്പം ജീവിക്കാന്‍ നാടുവിട്ട പെണ്‍കുട്ടി കോടതിയില്‍ മാതാപിതാക്കള്‍ക്കൊപ്പം തിരിച്ചുപോയി

2-girlsസ്വവര്‍ഗ്ഗാനുരാഗിയായ കൂട്ടുകരിയ്‌ക്കൊപ്പം ജീവിക്കാന്‍ നാടുവിട്ട ഷൊര്‍ണ്ണൂരുകാരിയായ പെണ്‍കുട്ടിയെ ഹൈകോടതി മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. ഷൊര്‍ണ്ണൂരില്‍ നിന്നും കൂട്ടുകാരിയ്‌ക്കൊപ്പം പോയ പെണ്‍കുട്ടി പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനാലാണ് കോടതി ഇത്തരത്തില്‍ വിധിയെഴുതിയത്. ജൂലൈ ആറിനാണ് ഒന്നിച്ചു ജീവിക്കണമെന്ന ആഗ്രഹവുമായി സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ നാടു വിട്ടത്.

ഒന്നിച്ചു ജീവിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്നും ബാഗ്ലൂരിലേയക്ക് നാടു വിട്ട പെണ്‍കുട്ടികള്‍ ലൈംഗിക ന്യൂന പക്ഷങ്ങളെ സംരക്ഷിക്കുന്ന സംഗമ എന്ന കൂട്ടായ്മയില്‍ അഭയം തേടുകയായിരുന്നു. എല്ലാ വിധ സംരക്ഷണങ്ങളും നല്‍കാമെന്ന് സംഗമ ഉറപ്പും നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ ബാംഗ്ലൂരില്‍ പത്രസമ്മേളനം വിളിയ്ക്കുകയും തങ്ങള്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സംഗമയുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ അഭിഭാഷകനെ നിയമിച്ചതും തിരികെ നാട്ടിലേയ്ക്ക് എത്തിയതും.

എന്നാല്‍ തന്റെ മകളെ കൂട്ടുകാരി സ്വവര്‍ഗ്ഗാനുരാഗികളുടെ അടുത്തേയ്ക്ക് കൂട്ടികൊണ്ടു പോയി എന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി പരിഗണിക്കുന്നതിനായി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തീരുമാനമെടുത്തത്. രണ്ട് പെണ്‍കുട്ടികളും തമ്മില്‍ പ്രണയത്തിലാണെന്ന് പറഞ്ഞു കൊണ്ട് പെണ്‍കുട്ടികളുടെ അഭിഭാഷകന്‍ നല്‍കിയ സത്യവാങ്ങ്മൂലം പെണ്‍കുട്ടി നിഷേധിച്ചു. രണ്ട് പെണ്‍കുട്ടികളും ബികോം വിദ്യാര്‍ത്ഥികളാണ്.

DONT MISS
Top