19 തവണ ഗര്‍ഭം അലസിയതിന് ശേഷം അവര്‍ക്കൊരു കുഞ്ഞിനെ ലഭിച്ചു

jo_mainകഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷുകാരി ജോ ഷോര്‍ട്ട് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ശ്രമിച്ചത് 19 തവണ. ഓരോ തവണയും അവരുടെ ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ ഇരുപതാമത്തെ ശ്രമത്തില്‍ ജോ ഷോര്‍ട്ടിന് ഒരു കുഞ്ഞിനെ ലഭിക്കുക തന്നെ ചെയ്തു.

37കാരിയായ ജോ ഷോര്‍ട്ടും ഭര്‍ത്താവ് സ്റ്റീവും 1997 മുതല്‍  കുഞ്ഞിനായി ആഗ്രഹിച്ച് തുടങ്ങിയതാണ്. അന്ന് ജോക്ക് 22 വയസായിരുന്നു പ്രായം. ഇവര്‍ കണ്ടുമുട്ടിയിട്ട് ഒരു വര്‍ഷവും. എന്നാല്‍ ഓരോ തവണയും ദുഃഖം മാത്രം സമ്മാനിച്ച് ഈ ദമ്പതികളുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ഗര്‍ഭം അലസുന്നത് തുടര്‍ക്കഥയായപ്പോള്‍ പല ഡോക്ടര്‍മാര്‍ക്കു പോലും പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ ജോ ഒരുക്കമല്ലായിരുന്നു. പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് സ്റ്റീവും ജോ ഷോര്‍ട്ടിന് ധൈര്യം നല്‍കി.

ഓരോ തവണ ഗര്‍ഭം അലസുമ്പോഴും ജോ ഷോര്‍ട്ട് അവള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടായിരുന്നു. കാപ്പി കുടിക്കുന്ന ശീലമുണ്ടായിരുന്ന ജോ ഇത് കാരണമാണോ ഗര്‍ഭം അലസുന്നതെന്ന സംശയത്തില്‍ കാപ്പികുടിപോലും നിര്‍ത്തി. ഇക്കാലത്തിനിടെ ഒരു ആപ്പിള്‍ പോലും കഴുകാതെ കഴിച്ചിട്ടില്ലെന്ന് ജോ പറയുന്നു.

ഡോക്ടര്‍മാര്‍ ഒടുവിലത്തെ ശ്രമമെന്ന നിലയ്ക്കാണ് കഴിഞ്ഞ വര്‍ഷം ജോ ഷോര്‍ട്ടിന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ഈ ശസ്ത്രക്രിയയോടെയാണ് അവര്‍ക്ക് സമ്പൂര്‍ണ ഗര്‍ഭകാലത്തെ നേരിടാനുള്ള ശാരീരിക ശേഷി ലഭിച്ചത്. എങ്കിലും ജോ ഷോര്‍ട്ടിന് പ്രസവിക്കാനാകുമെന്ന് പൂര്‍ണ്ണ വിശ്വാസമില്ലായിരുന്നു.

കുഞ്ഞിനെന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയില്‍ പ്രസവസമയത്ത് ജോ ഷോര്‍ട്ട് വേദനസംഹാരി കഴിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. ഒടുവില്‍ ജോ ഷോര്‍ട്ടിന്റെ സഹനങ്ങള്‍ക്ക് അവസാനമായി അവര്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു.

DONT MISS
Top