മെയ്യപ്പന് വിവരങ്ങള്‍ നല്‍കിയത് ധോനിയും ഫ്ലെമിംഗും

dhoni-cskവാതുവെപ്പുകാര്‍ക്ക് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത് നായകന്‍ മഹേന്ദ്ര സിംഗ് ധോനിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗുമാണെന്ന് മുംബൈ ക്രൈംബ്രാഞ്ച്. ധോനി ടോസിന് ഇറങ്ങുന്നതിന് മുമ്പെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. ടോസ് നേടിയാല്‍ ബാറ്റിംഗാണോ ബൗളിങ്ങാണോ തെരഞ്ഞെടുക്കുക, ബാറ്റിങ്ങെങ്കില്‍ ആരൊക്കെ ഓപ്പണ്‍ ചെയ്യും. ആദ്യം ബൌള്‍ ചെയ്യുന്നത് ആരായിരിക്കും ഇത്തരം വിവരങ്ങളെല്ലാം വാതുവെപ്പുകാര്‍ക്ക് വേണ്ടി എത്തിച്ചുക്കൊടുത്തിരുന്നത് ധോനിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മുംബൈ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ കളിക്കാരുടെ പരുക്ക്, അവസാന പതിനൊന്നംഗ ടീം അംഗങ്ങളുടെ ലിസ്റ്റ് എന്നീ വിവരങ്ങളെല്ലാം മെയ്യപ്പന് കൈമാറിയിരുന്നത് ധോനിയും സ്റ്റീഫന്‍ ഫ്ലെമിംഗുമായിരുന്നു. അറസ്റ്റിലായ നടന്‍ വിന്ദു ധാരാ സിംഗിനെയാണ് മെയ്യപ്പന്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങള്‍ അറിയിച്ചിരുന്നത്. വിന്ദു വാതുവെപ്പ് കണ്ണിയിലെ മുഖ്യകണ്ണി സഞ്ജയ് ജയ്പൂരിന് വിവരം കൈമാറും. ഇതായിരുന്നു സംഭവിച്ചിരുന്നതെന്നും മുംബൈ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വിവരങ്ങള്‍ കൈമാറാനായി ഉപയോഗിച്ചിരുന്നത് പ്രത്യേകം കോഡ് ഭാഷയായിരുന്നു. വിന്ദുവുമായും വാതുവെപ്പുകാരുമായും ബന്ധപ്പെടാന്‍ മെയ്യപ്പന്‍ ഉപയോഗിച്ച സിംകാര്‍ഡുകള്‍ മറ്റുള്ളവരുടെ പേരില്‍ എടുത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മെയ്യപ്പന് ധോനിയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത് എന്ന് വ്യക്തമാണെങ്കിലും നായകന് വാതുവെപ്പ് സംബന്ധിച്ച് അറിയില്ലായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വാതുവെപ്പുകാരുമായി മെയ്യപ്പന് ബന്ധമുണ്ടെന്ന് ധോനിക്ക് അറിയുമായിരുന്നോ എന്നത് വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

DONT MISS
Top