ദുല്‍ക്കറിന്‌ സൂര്യയുടെ ഭീഷണി

dulkar_suryaമൂന്ന്‌ സിനിമ മാത്രം കൈമുതലായുള്ള ദുല്‍ക്കര്‍ സല്‍മാനും തമിഴിലെ സൂപ്പര്‍ താരം സൂര്യയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയാല്‍ എന്താകും ഫലം. എന്താകും ഫലമെന്ന്‌ അറിയാന്‍ ജൂണ്‍ 14 വരെ കാത്തിരുന്നാല്‍ മതി. അന്ന്‌ ദുല്‍ക്കറിന്റെ അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്‌ഡ്‌ ഡെസി(എ.ബി.സി.ഡി)യും സൂര്യയുടെ പോലീസ്‌ അവതാരം സിങ്കത്തിന്റെ രണ്ടാം ഭാഗവുമാണ്‌ 14ന്‌ തിയേറ്ററുകളിലെത്തുന്നത്‌.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ കാര്യമായി ഉപയോഗിക്കാതെ തന്നെ സിനിമയില്‍ മികച്ച തുടക്കം നേടിയ താരമാണ്‌ ദുല്‍ക്കര്‍ സല്‍മാന്‍. ഇതുവരെ മൂന്ന്‌ ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നത്‌ ദുല്‍ക്കര്‍ കരുതലോടെയാണ്‌ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌ എന്നതിനുള്ള തെളിവാണ്‌. ആദ്യ ചിത്രമായ സെക്കണ്ട്‌ ഷോ ബോക്‌സ്‌ ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കിയില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന്‌ വന്ന ഉസ്‌താദ്‌ ഹോട്ടല്‍ വന്‍ വിജയം നേടി. തന്നെ കേന്ദ്രീകരിച്ചും സിനിമ എടുക്കാമെന്ന്‌ തീവ്രത്തിലൂടെ ദുല്‍ക്കര്‍ തെളിയിക്കുകയും ചെയ്തു.

എന്നാല്‍ ഇതൊന്നും സൂര്യക്ക്‌ പോന്ന എതിരാളിയായി ദുല്‍ക്കറിനെ മാറ്റുന്നില്ല. എ.ബി.സി.ഡിക്കൊപ്പം സിങ്കം 2 റിലീസ്‌ ചെയ്‌താല്‍ അത്‌ ദുല്‍ക്കറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാകും. കേരളത്തില്‍ വലിയൊരു കൂട്ടം ആരാധകരുള്ള തമിഴ്‌ താരമാണ്‌ സൂര്യ. 2010ല്‍ സിങ്കം റിലീസ്‌ ചെയ്‌തപ്പോഴും തുടര്‍ന്നുള്ള സൂര്യയുടെ ചിത്രങ്ങളിലും ആരാധകരുടെ ആവേശം നമ്മള്‍ കണ്ടതാണ്‌. സിങ്കം 2വിന്റെ ടീസര്‍ യുട്യൂബില്‍ ഇപ്പോള്‍ തന്നെ വൈറലാണ്‌.

അതേസമയം കാര്യമായി ഫാന്‍സ്‌ ഗ്രൂപ്പുകളില്ലാത്ത ദുല്‍ക്കറിന്റെ എ.ബി.സി.ഡി എങ്ങനെ സിങ്കത്തോട്‌ പിടിച്ചു നില്‍ക്കുമെന്ന്‌ കണ്ടറിയണം. എന്തായാലും റിലീസിനോട്‌ അടുപ്പിച്ചുള്ള ആദ്യ ദിവസങ്ങളിലെങ്കിലും സൂര്യ ദുല്‍ക്കറിനെ മലര്‍ത്തിയടിക്കുമെന്നാണ്‌ അണിയറ വര്‍ത്തമാനം. സൂര്യയെ പേടിച്ച്‌ ദുല്‍ക്കര്‍ ചിത്രം റിലീസ്‌ മാറ്റാനും സാധ്യതയുണ്ട്‌.

DONT MISS
Top