അധികമാര്‍ക്കും ആഞ്ജലീനയെ മാതൃകയാക്കാനാകില്ല

angelina_julieഅര്‍ബുദത്തെ തടയാന്‍ സ്തനങ്ങള്‍ നീക്കം ചെയ്ത ഹോളിവുഡ് നടി ആഞ്ജലീന ജൂലിയുടെ മാതൃക എല്ലാവര്‍ക്കും പിന്തുടരാനാകില്ല. ചൊവ്വാഴ്ച്ചയാണ് ഹോളിവുഡ് താരമായ ആഞ്ജലീന ജൂലി അര്‍ബുദത്തില്‍ നിന്നും രക്ഷപ്പെടാനായി സ്തനങ്ങള്‍ നീക്കം ചെയ്ത വിവരം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്.

തന്റെ രോഗവിവരം ലോകത്തിനു മുന്നില്‍ പരസ്യപ്പെടുത്തിയ ജൂലിയുടെ ധീരമായ നടപടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശംസകള്‍ ഏറ്റുവാങ്ങുമ്പോഴും ആഞ്ജലീന ജൂലിയെ അധികം പേര്‍ക്കും മാതൃകയാക്കാനാവില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ലോസ് ആഞ്ചല്‍സ് ടൈംസില്‍ തന്നെയുള്ള തന്റെ കോളത്തിലാണ് റോബിന്‍ അബ്‌കേറിയന്‍ ആഞ്ജലീനയെ അധികം പേര്‍ക്കും മാതൃകയാക്കാനാവില്ലെന്ന് സൂചിപ്പിച്ചിരിക്കുന്നത്.

ആഞ്ജലീന ജൂലിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന അമ്മ 56ാം വയസില്‍ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നു. പിന്നീട് നടത്തിയ ചികിത്സയില്‍ ആഞ്ജലീന ജൂലിക്ക് സ്തനാര്‍ബുദം വരാന്‍ 87 ശതമാനവും അണ്ഡാശയ അര്‍ബുദത്തിന് 50 ശതമാനവും സാധ്യതയുമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജൂലി സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇതോടെ ജൂലിക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത അഞ്ച് ശതമാനമായി കുറഞ്ഞു.

മൂന്ന് മാസത്തോളം നീണ്ട ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ തനിക്ക് കരുത്തേകിയത് പങ്കാളിയും ഹോളിവുഡ് നടനുമായ ബ്രാഡ് പിറ്റാണെന്ന് ജൂലി ലേഖനത്തില്‍ പറയുന്നുണ്ട്. ശസ്ത്രക്രിയ നടത്താനും വിവരം പരസ്യപ്പെടുത്താനുമുള്ള ജൂലിയുടെ തീരുമാനത്തെ ബ്രാഡ് പിറ്റ് അഭിനന്ദിച്ചിരുന്നു. ‘എനിക്കും മക്കള്‍ക്കുമൊപ്പം ആഞ്ജലീന ആരോഗ്യത്തോടെ ഇരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇത് ഞങ്ങളുട കുടുംബത്തിന് സന്തോഷത്തിന്റെ ദിവസമാണ്’ ബ്രാഡ് പിറ്റ് പറഞ്ഞു.

37 കാരിയായ ആഞ്ജലീന ജൂലിക്ക് ആറ് മക്കളാണുള്ളത്. ഇതില്‍ മൂന്നുപേരെ ഹോളിവുഡില്‍ ബ്രാഞ്ചലീന എന്നറിയപ്പെടുന്ന താരദമ്പതികള്‍ ദത്തെടുത്തതാണ്.

അര്‍ബുദ സാധ്യതയെക്കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും സാധിക്കാത്തതിന്റെ കാരണം ആഞ്ജലീന ജൂലിതന്നെ ലേഖനത്തില്‍ പറയുന്നതായി റോബിന്‍ അബ്‌കേറിയന്‍ ചൂണ്ടിക്കാണിക്കുന്നു. അര്‍ബുദ സാധ്യത അറിയുന്നതിനുള്ള ജനിതക പരിശോധനക്ക് മാത്രം 3000 ഡോളര്‍ ചെലവ് വരും. ഇത് തന്നെയാണ് ആഞ്ജലീനയെ മാതൃകയാക്കാന്‍ അധികം പേര്‍ക്കും സാധിക്കുകയില്ലെന്ന നിരീക്ഷണത്തിന് പിന്നില്‍.

അതേസമയം പരിശോധന നടത്തി അര്‍ബുദ സാധ്യത ഉണ്ടെന്നറിഞ്ഞാലും ശസ്ത്രക്രിയക്ക് തയ്യാറാകാത്തവരാണ് ഭൂരിഭാഗവും. ഇത്തരക്കാര്‍ക്ക് ജൂലി ഒരു മാതൃകയാകുന്നത് ആശ്വാസകരമാണ്. ഈ ലക്ഷ്യത്തില്‍ ജൂലിയുടെ ശസ്ത്രക്രിയ നടത്തിയ പിങ്ക് ലോട്ടസ് ബ്രസ്റ്റ് സെന്റര്‍ അവരുടെ ചികിത്സയുടെ പൂര്‍ണ്ണ വിവരങ്ങള്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അര്‍ബുദത്തിന്റെ അര്‍ത്ഥം മരണം എന്നല്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആഞ്ജലീനയുടെ തീരുമാനത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ജൂലിക്കുള്ള തന്റെ സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് റോബിന്‍ അബ്‌കേറിയന്‍ തന്റെ കോളം അവസാനിപ്പിക്കുന്നത്.

DONT MISS
Top