സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥ:ആറു വയസുകാരി മരിച്ചു

GIRLകോട്ടയം: സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ആറു വയസുകാരി മരിച്ചതായ് ആരോപണം. ചിങ്ങവനം പോളച്ചിറ മാലത്തുശേരില്‍ പോള്‍സണും ഭാര്യ ഷീബയുമാണ് കോട്ടയത്തെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. പനി കലശലായി അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിക്ക് വേണ്ടത്ര മരുന്നും ചികിത്സയും നല്‍കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ മാസം 27നാണ് പോള്‍സന്റെ മകള്‍ ആറുവയസുകാരിയായ ഹന്നയെ പനിബാധിച്ച് മെഡിക്കല്‍ സെന്ററില്‍ എത്തിച്ചത്. 2.30ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് മരുന്നു നല്‍കിയത് 5.20നാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മെഡിസിന്കുറിക്കുന്ന ജോലിമാത്രമേ തനിക്കുളളൂവെന്നും കൊടുക്കുന്ന ജോലി തന്റേതല്ലെന്നും ഡോക്ടര്‍ പറഞ്ഞതായി ഹന്നയുടെ മാതാപിതാക്കള്‍ പറയുന്നു.

ബ്ലഡ് ടെസ്റ്റിന് ശേഷം കുട്ടിക്ക് വൈറല്‍ ഫീവര്‍ ആണെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. പിറ്റേന്ന് ഉച്ചക്ക് കുട്ടിക്ക് പനി കൂടി. ഡോക്ടറെ വിളിച്ചപ്പോള്‍ രാത്രി 8മണിയോടെയാണ് ഡോക്ടര്‍ വന്നത്. കുട്ടിയെ ഇവിടെ നിന്നും കൊണ്ടുപോകാനാണ് ഡോക്ടര്‍ പറഞ്ഞത്. ആംബുലന്‍സ് സൗകര്യം പോലും നല്‍കിയില്ല. ഐസിഎച്ചിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും മാതാവ് പറഞ്ഞു.

ഐസിഎച്ചിലെ ഡോക്ടറുടെ പരിശോധനയില്‍ കുട്ടിക്ക് ഡെങ്കിപനിയാണെന്ന് കണ്ടെത്തി. കുട്ടിയെ ഒരുമണിക്കൂര്‍ മുമ്പ് കൊണ്ട് വന്നിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഐസിഎച്ചിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇവരുടെ മൂത്ത കുട്ടി ജനനം മുതല്‍ സംസാര ശേഷിപോലും നഷ്ടപ്പെട്ട് തളര്‍ന്ന് കിടക്കുകയാണ്. തന്റെ കുഞ്ഞിന്റെ മരണത്തിനുത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി ആരോഗ്യ മന്ത്രിയെന്നിവര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ദേശീയ സംസ്ഥാന മനുഷ്യാവാകാശ കമ്മീഷനുകള്‍ക്കും പരാതി നല്‍കും, അതേസമയം കുട്ടിക്ക് മികച്ച ചികിത്സ നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഐസിയു ആംബുലന്‍സ് സൗകര്യം നല്‍കിയിട്ടും മാതാപിതാക്കള്‍ നിരാകരിച്ചതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

DONT MISS
Top