അറുന്നൂറ് രൂപക്ക് ചൊവ്വയിലേക്കൊരു ടിക്കറ്റ്, നിങ്ങള്‍ക്കും അപേക്ഷിക്കാം

mars_one_mission

ഏഴ് പൗണ്ട് (ഏകദേശം 600 രൂപ) ചെലവാക്കിയാല്‍ ചൊവ്വയിലെത്തിക്കാമെന്ന വാഗ്ദാനവുമായി ഡച്ച് കമ്പനി രംഗത്ത്. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേരെ 2023 ചൊവ്വയിലേക്ക് അയക്കാന്‍ ലക്ഷ്യമിടുന്ന മാര്‍സ് വണ്‍ പദ്ധതി ഡച്ച് എന്‍.ജി.ഒയാണ് നടപ്പിലാക്കുന്നത്. ചൊവ്വയിലേക്കുള്ള നിങ്ങളുടെ ടിക്കറ്റ് ഉറപ്പിക്കാന്‍ ഇവിടെ(Mars one) ക്ലിക്കു ചെയ്യുക.

ചൊവ്വയിലേക്ക് വണ്‍ വേ ട്രിപ്പ് എന്ന ആശയത്തിന് വലിയ പ്രചാരം ലഭിക്കുന്നുണ്ടെങ്കിലും ആത്മഹത്യാപരമാണ് പദ്ധതിയെന്ന കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. മാര്‍സ് വണ്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ 20000 അപേക്ഷകളാണ് ലഭിച്ചത്. ഇതുവരെ അപേക്ഷാ ഫീസിനത്തില്‍ മാത്രം മാര്‍സ് വണ്ണിന് 16.7 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. അപേക്ഷകരില്‍ 600 പേര്‍ ചൈനക്കാരാണ്. ബഹിരാകാശ സഞ്ചാരത്തിനുള്ള പ്രചാരം ചൈനയില്‍ കൂടുന്നതിന്റെ തെളിവാണിതെന്ന് മാര്‍സ് വണ്‍ പദ്ധതിയുടെ ആസൂത്രകന്‍ ബാസ് ലാന്‍സ്‌ഡ്രോപ്പ് പറഞ്ഞു.

അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന നാല്‍പ്പത് പേര്‍ക്ക് ബഹിരാകാശ യാത്രികര്‍ക്കുള്ള എല്ലാ പരിശീലനങ്ങളും നല്‍കും. ഇവരില്‍ നിന്നുള്ള നാല് പേരെ ടി.വി പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെയാവും തീരുമാനിക്കുക. ചുരുക്കത്തില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ മുതലുള്ള ചൊവ്വാ യാത്രയുടെ തത്സമയ സംപ്രേക്ഷണമാണ് മാര്‍സ് വണ്‍ ലക്ഷ്യമിടുന്നത്.

ഇത്തരത്തില്‍ അപേക്ഷകരില്‍ നിന്നും ടി.വി പരിപാടിയില്‍ നിന്നുമെല്ലാമായി ആറ് ബില്യണ്‍ ഡോളര്‍(ഏകദേശം 5396 കോടി രൂപ) സമാഹരിച്ച് ചൊവ്വാ ദൗത്യം യാഥാര്‍ഥ്യമാക്കാനാണ് ലാന്‍സ് ഡ്രോപ്പിന്റെ പദ്ധതി. അപേക്ഷാ ഫീസിന് പുറമേ ചൊവ്വാ ദൗത്യത്തിന്റെ പ്രത്യേക ടീഷര്‍ട്ടുകളും വാള്‍ പേപ്പറുകളും കാപ്പി കപ്പുകളും വരെ ലാന്‍സ് ഡ്രോപ്പ് മാര്‍സ് വണ്ണിന്റെ സൈറ്റില്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.

mars_one-1

2023 ആകുമ്പോഴേക്കും നാനൂറ് കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇത് കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സ് കണ്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വരും. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലും 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സിലും സംഘാടകര്‍ക്ക് നൂറ് കോടി ഡോളര്‍ ഓരോ ആഴ്ച്ചയും വരുമാനമുണ്ടാക്കിയിരുന്നു. ഇങ്ങനെ കണക്കു കൂട്ടിയാല്‍ തന്നെ ആറ് ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ യാതൊരു പ്രയാസവുമില്ലെന്നാണ് ലാന്‍സ് ഡ്രോപ്പിന്റെ കണക്കു കൂട്ടല്‍.

ഇതുവരെ ജീവന്റെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലാത്ത ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നത് മണ്ടത്തരമാണെന്ന വിമര്‍ശനവുമായി നിരവധി ബഹിരാകാശ ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ അവിടെ മനുഷ്യര്‍ എത്തിപ്പെട്ടാല്‍ തന്നെ ജീവിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുക അസാധ്യമാണെന്നാണ് വിമര്‍ശകരുടെ വാദം.

ആദ്യ ഏഷ്യന്‍ രാജ്യത്തിന്റെ ചൊവ്വാ ദൗത്യം കഴിഞ്ഞ നവംബറില്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ പകുതിയോടെ ചൊവ്വാ ദൗത്യം ആരംഭിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചിരിക്കുന്നത്. ചൊവ്വയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നതിന് മൂന്ന് യന്ത്രങ്ങളും വഹിച്ചായിരിക്കും ഇന്ത്യയുടെ പേടകം ചൊവ്വയിലേക്ക് തിരിക്കുക.

ലോകത്തെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യം പ്രഖ്യാപിച്ചത് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയാണ്.

ചൊവ്വാ ദൗത്യത്തിന്റെ പ്രത്യേക വീഡിയോ

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top