വാസയോഗ്യമായ രണ്ട് ഗ്രഹങ്ങള്‍ കണ്ടെത്തി

kepler nasa

ഭൂമിക്ക് സമാനമായി വാസയോഗ്യമായ രണ്ട് ഗ്രഹങ്ങള്‍ കണ്ടെത്തിയതായി നാസ അറിയിച്ചു. നാസയുടെ കെപ്‌ളര്‍ സ്‌പേസ് ടെലസ്‌കോപ്പാണ് 1200 പ്രകാശ വര്‍ഷം അകലെ രണ്ട് ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

ശാസ്ത്ര ലോകം കെപ്‌ളര്‍62 എന്നു പേരിട്ടിരിക്കുന്ന നക്ഷത്രത്തെ ചുറ്റുന്ന രണ്ട് ഗ്രഹങ്ങളാണ് വാസയോഗ്യമായി കണ്ടെത്തിയിരിക്കുന്നത്. കെപ്‌ളര്‍62 എഫ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഗ്രഹത്തിന് ഭൂമിയേക്കാള്‍ 1.41 ഇരട്ടി വലിപ്പമുണ്ട്. നക്ഷത്രത്തില്‍ നിന്നുള്ള അകലം വെച്ചു നോക്കുമ്പോള്‍ ഈ ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിക്ക് സമാനമായ ഉപരിതലമാണ് കെപ്‌ളര്‍ 62 എഫിനുള്ളതെന്നും നാസ പറഞ്ഞു.

രണ്ടാമത്തെ ഗ്രഹമായ കെപ്‌ളര്‍ 62 ഇക്ക് ഭൂമിയേക്കാള്‍ 1.6 ഇരട്ടി വലിപ്പമുണ്ട്. ആദ്യഗ്രഹത്തേക്കാള്‍ നക്ഷത്രത്തോട് ചേര്‍ന്നാണ് ഈ ഗ്രഹത്തിന്റെസ്ഥാനം. അതുകൊണ്ട് കെപ്‌ളര്‍ 62 ഇ യുടെ അന്തരീക്ഷത്തില്‍ ചൂട് കൂടുമെങ്കിലും വാസയോഗ്യമായ ഇടം തന്നെയാണ് ഈ ഗ്രഹവും എന്നാണ് നാസ വിദഗ്ധരുടെ അഭിപ്രായം. കെപ്‌ളര്‍ 66 ഇ യില്‍ സമുദ്രങ്ങള്‍ പോലുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ശാസ്ത്രലോകം വെച്ചുപുലര്‍ത്തുന്നത്.

2009ല്‍ ദൗത്യം ആരംഭിച്ചത് മുതല്‍ നാസയുടെ കെപ്ളര്‍ ടെലസ്‌കോപ് ഇതുവരെ നൂറിലേറെ ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിക്ക് സമാനമായി വാസയോഗ്യമായ ഗ്രഹങ്ങള്‍ കണ്ടെത്തുകയാണ് നാസയുടെ ചരിത്രപ്രധാനമായ കെപ്‌ളര്‍ ടെലസ്‌കോപ്പിന്റെ ദൗത്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top