വെനസ്വേലയില്‍ നിക്കോളസ് മദ്യൂറോ പ്രസിഡന്റ്

nicolas-maduro_Presidentവെനസ്വേലയില്‍ പ്രസിഡന്റായി നിക്കോളാസ് മദ്യൂറോ തെരഞ്ഞെടുക്കപ്പെട്ടു. 50.76 ശതമാനം വോട്ടാണ് മദ്യൂറോയ്ക്ക് ലഭിച്ചത്. ചെറിയ വ്യത്യാസത്തിലാണ് എതിര്‍സ്ഥാനാര്‍ത്ഥി ഹെന്റിക് കാപ്രില്‍സ് പരാജയപ്പെട്ടത്. 49.1 ശതമാനം വോട്ടാണ് ഹെന്‌റിക് കാപ്രില്‍സിന് ലഭിച്ചത്.

തെരഞ്ഞെടുപ്പ് വിജയം അറിഞ്ഞതോടെ മദ്യൂറോ അനുകൂലികള്‍ തലസ്ഥാനമായ കാരക്കസിലും മറ്റും ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ഹ്യൂഗോ ഷാവേസ് നേടിയ വിജയത്തേക്കാള്‍ നേരിയ വ്യത്യാസത്തിലാണ് മദ്യൂറോ വിജയിച്ചിരിക്കുന്നത്. ഷാവേസിന്റെ മരണശേഷം വെനസ്വേല ഷാവേസിന്റെ നയങ്ങള്‍ പിന്തുടരണമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് വെനസ്വേലയിലെ തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പിനെ അത്യാവേശത്തോടെയാണ് വെനസ്വേലന്‍ ജനത സ്വീകരിച്ചത്. വോട്ടവകാശമുള്ളവരില്‍ 80 ശതമാനം പേരും വോട്ട് ചെയ്തു. വൊട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും രണ്ട് മണിക്കൂറോളം വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നീണ്ട നിര ദൃശ്യമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം മദ്യൂറോ എതിര്‍സ്ഥാനാര്‍ഥിയായ കാപ്രിലസിനെ ഫോണില്‍ സംസാരിച്ചിരുന്നു. തെരഞ്ഞടുപ്പ് ഫലം പരിശോധിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചതായും മദ്യൂറോ അറിയിച്ചു. തനിക്ക് വേണ്ടി വോട്ട് ചെയ്തവരും ചെയ്യാത്തവരും ഒത്തു ചേര്‍ന്ന് രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്ന് മദ്യൂറോ ആഹ്വാനം ചെയ്തു.

പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് മരിച്ചതിനെ തുടര്‍ന്ന് വെനസ്വലേയുടെ താല്‍ക്കാലിക പ്രസിഡന്റായി തുടരുകയായിരുന്നു മദ്യൂറോ. ഷാവേസ് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച നിക്കോളസ് മദ്യൂറോയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു.

ഒരു ബസ് ഡ്രൈവറായി ജീവിതം ആരംഭിച്ച നിക്കോളസ് മദ്യൂറോ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് നേതാവാകുന്നത്. ഹ്യൂഗോ ഷാവേസിന്റെ അടുത്ത അനുയായിരുന്നു മദ്യൂറോ. 1992ല്‍ അട്ടിമറിശ്രമത്തിനിടെ ഷാവേസ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മദ്യൂറോ ഉണ്ടായിരുന്നു. ഷാവേസ് അധികാരത്തിലെത്തിയപ്പോള്‍ ആറ് വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി.

കഴിഞ്ഞ ഒക്ടോബറിലാണ് അമ്പതുകാരനായ മദ്യൂറോയെ വൈസ് പ്രസിഡന്റായി ഷാവേസ് നാമനിര്‍ദേശം ചെയ്തത്. പിന്നീട് ഡിസംബറില്‍ അര്‍ബുദത്തിനെതിരായ നാലാം ശസ്ത്രക്രിയക്കായി ക്യൂബയിലേക്ക് പോകും മുന്‍പ് മദ്യൂറോയെ തന്റെ പിന്‍ഗാമിയായി ഷാവേസ് പ്രഖ്യാപിക്കുകയും ചെയ്തു.

മദ്യൂറോ ഏപ്രില്‍ 19ന് വെനസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ജനുവരി 2019 വരെയായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top