ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയത് തന്നെ: നാനാവതി

ദില്ലി: ശ്രീശാന്തിനെ ഹര്‍ഭജന്‍സിംഗ് മുട്ടുകൊണ്ട് ഇടിക്കുകയല്ല വലം കൈകൊണ്ട് അടിക്കുക തന്നെയാണ് ചെയ്തതെന്ന് സംഭവം അന്വേഷിച്ച റിട്ടയേഡ് ജസ്റ്റിസ് സുധീര്‍ നാനാവതിയുടെ വെളിപ്പെടുത്തല്‍. 2008ലെ ഐ.പി.എല്ലിനിടെ ഉണ്ടായ പോരാട്ടത്തിനിടെയുണ്ടായ വിവാദ സംഭവം അന്വേഷിക്കാന്‍ സുധീര്‍ നാനാവതിയെ ബി.സി.സി.ഐയാണ് ചുമതലപ്പെടുത്തിയത്.

ഹര്‍ഭജന്‍സിംഗ് ശ്രീശാന്തിന്റെ മുഖത്ത് പുറംകയ്യുകൊണ്ടാണ് അടിച്ചത്. രണ്ടാമതും അടിക്കാന്‍ തുനിഞ്ഞപ്പോള്‍ സുരക്ഷാഭടന്മാരെത്തി തടഞ്ഞു. ശ്രീശാന്തിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഹര്‍ഭജന്റെ അടി. ശ്രീശാന്തിനെ അടിച്ചകാര്യം തെളിവെടുപ്പിനിടെ ഹര്‍ഭജന്‍ എന്നോട് സമ്മതിച്ചതുമാണ്. ഇക്കാര്യത്തില്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്നു കാണിച്ചാണ് ബി.സി.സി.ഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അടിയുടെ ദൃശ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ജിസ്റ്റിസ് സുധീര്‍ നാനാവതി പറഞ്ഞു.

ഹര്‍ഭജന്‍ സിംഗ് തല്ലിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് അവകാശപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റാണ്. തന്നെ ഹര്‍ഭജന്‍ തല്ലിയിട്ടില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകും. ഭയം കൊണ്ടാണ് ഇതുവരെ ഒന്നും തുറന്ന് പറയാതിരുന്നതെന്നും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നു.

തന്നെ പിന്തുണയ്ക്കാന്‍ ആരുമില്ലായിരുന്നു. ഹര്‍ഭജന്‍ ദേഷ്യമടക്കാന്‍ കഴിയാത്ത ആളാണെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തിനിടെ വിരാട് കൊഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ സംഭവം വാര്‍ത്തയായതോടെ പല മാധ്യമങ്ങളും ഐ.പി.എല്‍ ആദ്യ സീസണില്‍ നടന്ന ഹര്‍ഭജന്‍ ശ്രീശാന്ത് വിവാദ സംഭവം പരാമര്‍ശിച്ചു. ഇതാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഹര്‍ഭജന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top