ജെയിസ് കാമറൂണ്‍ ഡീപ് സീ ചലഞ്ചര്‍ ശാസ്ത്ര ലോകത്തിന് നല്‍കി

james-cameronഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ കിടങ്ങായ മരിയാന ട്രഞ്ചിലേക്ക് പോകാന്‍ ഉപയോഗിച്ച ഡീപ് സീ ചലഞ്ച് സബ് മറൈന്‍ ശാസ്ത്രലോകത്തിന് നല്‍കി. മരിയാന ട്രഞ്ചിലേക്കുള്ള യാത്രയുടെ വാര്‍ഷിക ദിനത്തിലാണ് ജെയിംസ് കാമറൂണ്‍ സുപ്രധാന തീരുമാനമെടുത്തത്.

ടെര്‍മിനേറ്റര്‍, ടൈറ്റാനിക്, അവതാര്‍ തുടങ്ങി നിരവധി ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായ ജെയിംസ് കാമറൂണ്‍ ഒരു കോടി ഡോളര്‍(ഏകദേശം 54 കോടി രൂപ) മുടക്കിയാണ് ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിന് പേടകം തയ്യാറാക്കിയത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ സബ് മറൈനെക്കുറിച്ച് ശാസ്ത്രലോകത്തുനിന്നുതന്നെ വലിയതോതില്‍ പ്രശംസ ലഭിച്ചിരുന്നു.

കുത്തനെയുള്ള ആകൃതിയും സബ്മറൈന് ഏറെ സഹായകരമായെന്നും വിലയിരുത്തലുണ്ടായിരുന്നു. വരുന്ന ജൂണ്‍ മാസത്തോടെ ഡീപ് സീ ചലഞ്ച് മസാച്ചുസെറ്റിലെ വുഡ്‌സ് ഹോളിലെത്തുമെന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. സമുദ്രാന്തര്‍ഭാഗത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന സ്ഥാപനമായ വുഡ്‌സ് ഹോളിന്റെ ഉപദേശകസമിതി അംഗം കൂടിയാണ് ജെയിംസ് കാമറൂണ്‍. വുഡ്‌സ് ഹോളിന്റെ ഭാവി ഗവേഷണങ്ങള്‍ക്ക് ഡീപ് സീ ചലഞ്ചര്‍ ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മരിയാന ട്രഞ്ചിന്റെ അടിത്തട്ടിലേക്ക് ആദ്യമായി മനുഷ്യര്‍ എത്തിയത് 1960ലാണ്. ഇതിനുശേഷം 2012 മാര്‍ച്ചില്‍ ജെയിംസ് കാമറൂണാണ് 10.9 കിലോമീറ്റര്‍ ആഴത്തിലുള്ള മരിയാനട്രഞ്ചിലേക്ക് എത്തിയ മനുഷ്യന്‍. മൂന്നു മണിക്കൂറിലേറെ ഭൂമിയുടെ ഏറ്റവും ആഴത്തില്‍ കഴിഞ്ഞ കാമറൂണ്‍ നിരവധി ദൃശ്യങ്ങള്‍ കൂടി പകര്‍ത്തിയാണ് മടങ്ങിയെത്തിയത്.

DONT MISS
Top