ടിബറ്റിലെ ഗ്ലേസിയറുകള്‍ ഉരുകിത്തീരുന്നു

glaciers tibetബെയ്ജിംഗ്:തെക്കേ ഏഷ്യയില്‍ നിന്നുള്ള മലിനീകരണം ടിബറ്റിലെ ഗ്ലേസിയറുകളുടെ നാശത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്. ലോകത്തിന്റെ പീഠഭൂമി എന്നറിയപ്പെടുന്ന ടിബറ്റിലെ 90 ശതമാനം ഗ്ലേസിയറുകളും മലിനീകരണം മൂലം ഭീഷണി നേരിടുന്നുണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

ഭൂമിശാത്രപരമായ പ്രത്യേകതകള്‍ മൂലം അന്റാര്‍ട്ടിക്കയ്ക്കും ആര്‍ട്ടിക്കിനും ശേഷം ഭൂമിയിലെ മൂന്നാം ധ്രുവപ്രദേശമായാണ് ടിബറ്റ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 4000 മീറ്ററാണ് ടിബറ്റിന്റെ ഉയരം. ധ്രുവപ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്ലേസിയറുകള്‍ കാണപ്പെടുന്ന ടിബറ്റില്‍ നിന്നാണ് ഏഷ്യയിലെ സുപ്രധാന നദികള്‍ ഉത്ഭവിക്കുന്നത്. ഭൂമിയിലെ ശുദ്ധജലശേഖരത്തിന്റെ പ്രധാന പങ്കും സ്ഥിതി ചെയ്യുന്നത് ഈ ഗ്ലേസിയറുകളിലാണ്.

ഇന്ത്യയും ചൈനയും അടക്കമുള്ള ലോകത്തെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളപ്രദേശങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ് ടിബറ്റിലെ ഗ്ലേസിയറുകള്‍ നേരിടുന്ന വെല്ലുവിളി. മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗ്ലേസിയറുകള്‍ ഉരുകുന്നതിന്റെ തോത് ഭീതിതമാംവണ്ണം ഉയര്‍ന്നിട്ടുണ്ടെന്ന് യോ ടാന്‍ടോങ് പറഞ്ഞു. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ശാസ്ത്രജ്ഞനാണ് യോ.

കഴിഞ്ഞ മുപ്പത് വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2030 ആകുമ്പോഴേക്കും മേഖലയിലെ ഗ്ലേസിയറുകളില്‍ ചിലത് പൂര്‍ണമായും ഉരുകി തീരുമെന്ന് ചൈന ഡെയ്‌ലിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥയുടെ തുലനനില തെറ്റുന്നതാണ് ഇതുകൊണ്ടുണ്ടാകുന്ന പ്രധാന പ്രശ്‌നം. വെള്ളപ്പൊക്കവും വരള്‍ച്ചയും നിത്യസംഭവങ്ങളാകും. ടിബറ്റിലെ മഞ്ഞുരുകള്‍ ഇന്ത്യയിലേയും ചൈനയിലേയും താഴ്‌വരയിലെ ജനങ്ങളുടെ ജീവിതത്തെയായിരിക്കും നേരിട്ട്ബാധിക്കുക.

DONT MISS
Top