ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിന്റെ അഭിനന്ദനം നേടി അട്ടപ്പാടിയിലെ കൊച്ചു മിടുക്കി ആന്‍ഡ്രിയ

പാലക്കാട് അഗളി ജെല്ലിപ്പാറ വട്ടപ്പള്ളിയില്‍ വീട്ടില്‍ ടിജോ- മോണിക്ക ദമ്പതികളുടെ മകളാണ് ആന്‍ഡ്രിയ. ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിന്റെ അഭിനന്ദനം ആന്‍ഡ്രിയയെ തേടിയെത്തുമ്പോള്‍ കുഞ്ഞിന് പ്രായം ഒരുവയസ്സും പത്തുമാസവും എന്നതാണ് ഏവരേയും വിസ്മയിപ്പിക്കുന്നത്. കുഞ്ഞിന്റെ കഴിവിന് അഭിനന്ദനമായി ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റും മെഡലുമാണ് നല്‍കിയത്.

ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്രമത്തില്‍ തിരിച്ചറിയുക, ഒന്നുമുതല്‍ ഇരുപത് വരെ എണ്ണുക, എട്ട് ഗ്രഹങ്ങളുടെ പേരുകള്‍ പറയുക, ഇംഗ്ലീഷില്‍ ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും പറയുക എന്നിങ്ങനെയുള്ള കഴിവുകളാണ് ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോർഡ്‌സ് അംഗീകാരത്തിനായ് പരിഗണിച്ചത്.

ഇതിനൊക്കെ പുറമെ പന്ത്രണ്ട് കളറുകള്‍, പത്ത് ആകൃതികള്‍, പത്ത് പ്രശസ്തരുടെ പേരുകള്‍, ശരീരത്തിന്റെ പത്തുഭാഗങ്ങള്‍, 34 മൃഗങ്ങള്‍, പതിനാറ് വാഹനങ്ങള്‍, 12 പച്ചക്കറികള്‍, 13 പഴങ്ങള്‍, വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അമ്പത് സാധനങ്ങള്‍ എന്നിവ തിരിച്ചറിയാനും ഓര്‍ത്തു വെക്കാനും എപ്പോൾ ചോദിക്കുമ്പോഴും അത് പറയാനുള്ള മിടുക്കുമുണ്ട് ആന്‍ഡ്രിയയ്ക്ക്.

ആന്‍ഡ്രിയയുടെ അച്ഛന്‍ ടിജോ കോയമ്പത്തൂരില്‍ സ്വകാര്യ തേയില കമ്പനിയില്‍ അക്കൗണ്ടന്റാണ്. ജോലിയ്ക്ക് പോവാനുള്ള സൗകര്യത്തിനായി കോയമ്പത്തൂരിലാണ് ഇവർ താമസിക്കുന്നത്. അമ്മ മോണിക്കയാണ് ആന്‍ഡ്രിയയുടെ ഓർമശക്തി കണ്ടെത്തുന്നത്. അംഗീകാരം ലഭിച്ചതറിഞ്ഞ് നാട്ടില്‍നിന്ന് അഭിനന്ദന പ്രവാഹമാണ് ആന്‍ഡ്രിയ മോൾക്കിപ്പോള്‍.

Latest News